തിരുവിതാംകൂറിലെ രാജ്യകാര്യനില

  • Published on February 27, 1907
  • Svadesabhimani
  • By Staff Reporter
  • 24 Views

ഫെബ്രുവരി 20 - ാം തീയതിയിലെ "വെസ്റ്റ് കോസ്റ്റ് സ്പെക്ടേറ്റര്‍" പത്രത്തിൽ തിരുവിതാംകൂർ കാര്യങ്ങളെക്കുറിച്ച് ഒരു മുഖപ്രസംഗം ചേർത്തുകാണുന്നു. മിസ്റ്റർ വി. പി. മാധവരായർ ഈ നാട്ടിലെ ദിവാൻപദത്തിൽ നിന്ന് പിരിഞ്ഞതിൻെറ ശേഷം, ഈ നാട്ടിലെ രാജ്യകാര്യനില വളരെ മോശമായി തീർന്നിരിക്കുന്നു എന്നാണ് ഞങ്ങളുടെ സഹജീവി വ്യസനിക്കുന്നത്. മിസ്റ്റർ മാധവരായരുടെ പിൻഗാമിയായി വന്ന മിസ്റ്റർ  ഗോപാലാചാര്യർ, ബ്രിട്ടീഷ് സർവീസിലിരിക്കുമ്പോൾ, സ്വാതന്ത്ര്യ നിഷ്ഠയോടുകൂടിയ ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥനുമായി ക്ഷോഭിച്ചുവെന്നും, മിസ്റ്റർ മാധവരായർ കുറിച്ചിരുന്ന ഭരണമാർഗ്ഗത്തെ ഇദ്ദേഹം അനുസരിക്കുമെന്ന് ഈ സഹജീവി ആശിച്ചിരുന്നുവെന്നും പ്രസ്താവിച്ചുകൊണ്ടാണ് ഇപ്പോഴത്തെ രാജ്യകാര്യനിലയെ പ്രതിപാദിച്ചിരിക്കുന്നത്. മിസ്റ്റർ ഗോപാലാചാരി, ശ്രീമൂലം പ്രജാസഭാ സാമാജികന്മാരുടെ നേർക്ക് കാണിച്ച അനാദരവും ആ സഭയുടെ പേരിൽ പ്രദർശിപ്പിച്ച അനാസ്ഥയും, ഈയിടെ ഗവർണർ സാഹിബിൻെറ ആഗമനത്തിന് മദിരാശിയിലെ പത്രപ്രതിനിധികളോട് പെരുമാറിയ ശീലക്കേടുകളും, പൊതുജനങ്ങളുടെ അഭിപ്രായങ്ങളെ കൈക്കൊള്ളുന്ന കാര്യത്തിൽ അദ്ദേഹത്തിനുള്ള കൂറില്ലായ്മയും നോക്കിയതിൽ, തിരുവിതാംകൂറിൻെറ ഇപ്പോഴത്തെ നിലയെപ്പറ്റി വ്യസനിക്കേണ്ടതായിട്ടാണ് സ്പെക്ടേറ്റര്‍ക്ക് തോന്നിയിട്ടുള്ളത്. തിരുവിതാംകൂറിലെ മലയാളപത്രങ്ങളിൽ കാണുന്ന ലേഖനങ്ങളെ വിശ്വസിക്കാമെന്ന് വരികിൽ ഈ നാട്ടിലെ രാജ്യകാര്യങ്ങളെപ്പറ്റി ബ്രിട്ടീഷ് ഗവണ്മെൻറ് ഇടപെടേണ്ട കാലം അടുത്തിരിക്കുന്നു എന്നുകൂടെ സഹജീവിക്ക് തോന്നുന്നുണ്ട്. മാതൃകാ രാജ്യമെന്ന് തെറ്റായി വിളിക്കപ്പെട്ടുവരുന്ന ഈ നാട്ടിൽ കൈക്കൂലിയും അഴിമതിയും പ്രബലമായിരിക്കുന്നുവെന്ന് പരക്കെ അറിഞ്ഞിട്ടുള്ളതാണ്. മഹാരാജാവ് തിരുമനസ്സിലെ കൊട്ടാരത്തിൽ സേവകന്മാരായി ഉള്ളവരുടെ ഈ മാതിരി നടപടികളെ സംബന്ധിച്ച് വടശ്ശേരികോവിൽ കേസ് വഴിയായി പൊതുജനങ്ങൾക്ക് പല രഹസ്യങ്ങളും അറിവാൻ ഇടയായപ്പോൾ, ഗവണ്മെന്‍റിനെപ്പറ്റി പൊതുജനങ്ങൾക്കുള്ള വിശ്വാസം എത്രമേൽ ഇളക്കിമറിക്കപ്പെട്ടുവെന്ന് പ്രസ്താവിക്കേണ്ടതില്ലല്ലോ. ഈ കേസ് കഴിഞ്ഞ ശേഷമെങ്കിലും, തിരുവിതാംകൂറിൽ നിന്ന് കൈക്കൂലിയും അഴിമതിയും നീങ്ങിപ്പോകുമെന്നുണ്ടായിരുന്ന ആശയും, മേല്പടികേസിൽ ഉൾപ്പെട്ടിട്ടുള്ള കൈക്കൂലി പാപികളുടെ നടത്തയെ സാധൂകരിക്കുന്നതിന് മദിരാശി ഗവണ്മെന്‍റിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നുള്ള കേൾവിയും ഇപ്പോൾ അസ്തമിച്ചു പോയി എന്ന് തന്നെ പറയാം. കൈക്കൂലിയും മറ്റ് അഴിമതികളും മുമ്പത്തേക്കാൾ തെളിഞ്ഞ് വിളങ്ങുന്നുണ്ടെന്ന് സമ്മതിക്കാതെ കഴിയികയില്ല. ഈ നിലയെ വെളിപ്പെടുത്തുന്നതിന് ഈയിടെ മേൽപ്പടി കേസിൽ കൈക്കൂലി പാപം ആരോപിക്കപ്പെട്ടിട്ടുള്ള സേവകന്മാരിൽ ഒരാളെ സിവിൽകോടതികളിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിച്ചിരിക്കുന്ന സംഗതി മതിയാകുമെന്ന് സ്പെക്ടേറ്റര്‍ കാണുന്നു. ഈ വിഷയത്തെക്കുറിച്ച് "ഒരു ഒഴിവിൻെറ ഔചിത്യം" എന്ന തലക്കെട്ടിൻ കീഴിൽ "സ്വദേശാഭിമാനി" യുടെ മുൻലക്കത്തിൽ ചേർത്തിരുന്ന മുഖപ്രസംഗത്തിൽ ചോദിച്ചിട്ടുള്ള സന്ദേഹങ്ങളെ 'സ്പെക്ടേറ്റര്‍' വിചിന്തനം ചെയ്യ്തിരിക്കുന്നു. മഹാരാജാവ് തിരുമനസ്സ് കൊണ്ട് നൽകിയിട്ടുള്ള ഈ ഒഴിവ് കൽപ്പനയിൽ അന്യഥാഉദ്ദേശ്യങ്ങളുള്ളതായി ശങ്കിക്കാൻ ഇല്ലെങ്കിലും, ഒരു ഡിവിഷൻ പേഷ്‌ക്കാരേക്കാൾ സ്ഥാനവലിപ്പം ഇല്ലാത്തവനായും, മഹാരാജാവ് തിരുമനസ്സിലെ ഒരു കേവല ഭൃത്യനായിരിക്കുന്ന ഒരാളുടെ പേരിൽ ഇപ്രകാരം ഒരു രാജപ്രസാദം അർപ്പിച്ചത് ശങ്കനീയമായിത്തന്നെ ഇരിക്കുന്നു. മതകാര്യസംബന്ധമായ പാവനതയോ, രാജകുടുംബങ്ങളിൽ ജന്മം കൊണ്ടുള്ള സ്ഥാനവലിപ്പമോ സിദ്ധിച്ചിരിക്കുന്നവരെ കോടതികളിൽ നിന്ന് ഒഴിക്കുന്നത് സാധാരണമാണെങ്കിലും, അങ്ങനെയൊന്നും അല്ലാതിരിക്കുന്ന ഒരാൾക്ക് അർഹതയില്ലാത്തവിധത്തിൽ, മഹാരാജാവ് തിരുമനസ്സ് കൊണ്ട് ബഹുമാനം അർപ്പിക്കുന്നത് വിസ്മയജനകമാണെന്നാകുന്നു സ്പെക്ടേറ്റര്‍ അഭിപ്രായപ്പെടുന്നത്. ഈ സേവന മുഖേനയാണ്, ഒരു വൈദ്യനെ 12000 രൂപ വ്യയത്തിന്മേൽ ഡിവിഷൻ പേഷ്‌ക്കാരാക്കിയതെന്ന് "സ്വദേശാഭിമാനി" പറഞ്ഞതായി സ്പെക്ടേറ്റര്‍ പ്രസ്താവിച്ചതിൽ അല്പം തെറ്റായിപ്പോയെന്ന് ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഡോക്ടർ സുബ്രമണ്യയ്യരവർകൾക്ക് ദിവാൻ പേഷ്കാർ പണിലഭിച്ചത് പന്ത്രണ്ടായിരം രൂപ കൈക്കൂലികൊടുത്തിട്ടാണ് എന്ന്  "സുഭാഷിണി" പത്രം പ്രസ്താവിച്ചിരുന്നതിനെ ഓർത്തിട്ടായിരിക്കും സ്പെക്ടേറ്റര്‍ ഇങ്ങനെ പറഞ്ഞത്. അത് എങ്ങനെയായിരുന്നാലും, പ്രസ്തുതനായ സേവകൻ കൈക്കൂലി പാപത്താൽ കളങ്കിതനാണെന്ന് ഞങ്ങൾ പറഞ്ഞിട്ടുള്ളതിനെ ഇപ്പോഴും ആവർത്തിച്ചുകൊള്ളുന്നു. "സുഭാഷിണി" യുടെ പ്രസ്താവത്തെ സംബന്ധിച്ച് ഗവന്മെന്‍റിന്‍റെ നയത്തെക്കുറിച്ച് ബഹുജനങ്ങൾക്ക് പല ശങ്കകളും ഉണ്ടായിട്ടുമുണ്ട്. ദിവാൻ മിസ്റ്റർ ഗോപാലാചാര്യരുടെ ഭരണം, മിസ്റ്റർ കൃഷ്ണസ്വാമിരായരുടെ ഭരണത്തിൻെറ ഒരു രണ്ടാം പതിപ്പായിത്തീരുവാൻ ഇടയുണ്ടെന്നാണ് സ്പെക്ടേറ്റര്‍ക്ക് തോന്നുന്നത്. ഇപ്പോഴത്തെ രാജ്യഗതികളെ പ്രേക്ഷിച്ചതിൽ, ഈ അഴിമതികളെ കുരുന്നിലെ നുള്ളിക്കളയാഞ്ഞാൽ തിരുവിതാംകൂറിന് വളരെ വലുതായ ഒരു വ്യാപത്ത് സംഭവിച്ചേക്കുമെന്ന് സഹജീവി ശങ്കിക്കുന്നു. മിസ്റ്റർ രാജഗോപാലാചാര്യർ തൻ്റെ ഭരണത്തെ ആക്ഷേപിക്കുന്ന പത്രങ്ങളെ വിസർജ്ജിക്കുന്ന സമ്പ്രദായം ആചരിച്ചു തുടങ്ങിയിരിക്കുന്നുവെന്നും, ഗവന്മെന്‍റിൽ നിന്ന് "മദിരാശി ടൈംസ്" പത്രത്തിൻെറ ഏതാനും പ്രതികൾ വാങ്ങിവന്ന പതിവിനെ ഇപ്പോൾ മാറ്റിയിരിക്കുന്നുവെന്നും സ്പെക്ടേറ്റര്‍ പറയുന്നു. മിസ്റ്റർ ഗോപാലാചാര്യർ തൻ്റെ ഭരണദോഷങ്ങളെ പ്രഖ്യാപനം ചെയ്യുന്ന പത്രങ്ങളെ എത്രതന്നെ വിസർജ്ജിച്ചാലും, പൊതുജനങ്ങളുടെ അഭിപ്രായത്തെ ഹനിക്കുവാൻ സാധ്യമാകയില്ലെന്ന് അറിയേണ്ടതാകുന്നു. ഈ നാട്ടിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരെ വെളിയിലാക്കിയിട്ട് ബ്രിട്ടീഷ് സർവ്വീസിൽ നിന്ന് ഒരാളെ മന്ത്രിയായി വരുത്തിയതിൻെറ ഉദ്ദേശ്യം, നാട്ടിലുള്ള പ്രഭാവശാലികളുടെ പ്രസാദത്തെയോ നീരസത്തെയോ ഗണ്യമാക്കാതെ, നാട്ടിലെ പൊതുജനങ്ങൾക്ക് ക്ഷേമകരമായും ഹിതമായും ഉള്ള കാര്യങ്ങൾ നിർദ്ദാക്ഷ്യണ്യമായി നടത്തണമെന്നാണ്. ഈ ഉദ്ദേശ്യത്തെ മിസ്റ്റർ വി. പി. മാധവരായർ പൂർണ്ണമായി സാധിച്ചു എന്ന് പറയേണ്ടതാകുന്നു. എന്നാൽ, മിസ്റ്റർ ആചാര്യർ ഇവിടെ വന്നതിൻെറ ശേഷം, ഗർഹണീയങ്ങളായ ചില പഴയ ആചാരങ്ങളെ കൂട്ടായി പിടിച്ച്കൊണ്ട് ജനങ്ങൾക്ക് അപ്രീതി ഉണ്ടാക്കുന്നവിധം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് വ്യസനസമേതം പറയുകതന്നെ വേണം. മിസ്റ്റർ ആചാര്യർക്ക് തൻ്റെ വ്യതിചലിതമായ പാതഗതിയെ ശരിപ്പെടുത്തി നല്ല പേര് സമ്പാദിക്കുന്നതിനുള്ള അവസരം ഇനിയും നഷ്ടമായിട്ടില്ല. അതിലേക്ക് ഇവിടത്തെ കൈക്കൂലിയെയും മറ്റ് അഴിമതികളെയും അമർത്തുന്നതിനാണ് പ്രധാനമായും യത്നിക്കേണ്ടത്. അങ്ങനെ ചെയ്ത്, താൻ ഒരു ധീരബുദ്ധിയാണെന്നും നാട്ടുകാരുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും ഉത്സുകനാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.          

You May Also Like