നാട്ടുരാജസമാജം

  • Published on August 29, 1906
  • Svadesabhimani
  • By Staff Reporter
  • 18 Views

ഇന്ത്യാരാജ്യത്തിൻെറ അധിഭരണ കർത്താക്കന്മാർ ബ്രിട്ടീഷുകാരാണെന്നു വരുകിലും , ഇന്ത്യൻ ജനങ്ങളിൽ ഏറിയൊരു ഭാഗക്കാർ ഇപ്പോഴും നാട്ടുരാജാക്കന്മാരുടെ അധീനതയിൽ ആണല്ലോ. ഇന്ത്യയിൽ നാടുവാഴുന്നവരായും മാലീഖാന പറ്റിയിരിക്കുന്നവരായും ഒട്ടുവളരെ രാജാക്കന്മാരുണ്ട്. ഇവരിൽ, ഏറെ പ്രധാനത്വമുള്ളവർ ഒരു നൂറോളം ഉണ്ടായിരിക്കും. ഇവർ മുഖേന ജനങ്ങളുടെമേൽ പതിക്കപ്പെടുന്ന രാജ്യഭരണകാര്യപ്രഭാവം അല്പമല്ലാ. ഇത്ര പ്രാധാന്യമുള്ള ഒരു കൂട്ടരെ, പ്രജകളുടെ പരിപാലന കാര്യത്തിൽ, ബ്രിട്ടീഷ് ഗവർമെൻറ്റ് യാതൊന്നും അറിയിക്കാതെയോ അവരോടു ആലോചിക്കാതെയോ ഇരിക്കുന്നത് തീരെ പോരാത്തതായ ഒരു സംഗതിയാണെന്ന് പലർക്കും തോന്നിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറി മിസ്റ്റർ മാർളി, ഇന്ത്യയിൽ ഒരു നാട്ടുരാജസമാജം ഏർപ്പെടുത്തേണ്ടുന്നതിനെപ്പറ്റി വെൽത്സ് രാജകുമാരനുമായി ആലോചിച്ചുവരുന്നുണ്ടെന്ന് ഈയിടെ  ചില കമ്പി വാർത്തകളാലറിയുന്നു. നിയമനിർമ്മാണ സഭകളിൽ പ്രജകളുടെ പ്രതിനിധികൾ ഉള്ളതുകൊണ്ട് പ്രജകൾക്കുവേണ്ടി അവർ പലതും ഗവർമെൻറ്റിനോട് വാദിച്ചു സാധിക്കുന്നുണ്ടെങ്കിലും, ഈ ഏതദ്ദേശ്യരാ ജാക്കന്മാർക്കു ഇവരുടെ കാര്യത്തിൽ വല്ലതും ഗവർമെൻറ്റിനെ ധരിപ്പിക്കയോ, ഗവർമെൻറ്റിനോട് വാദിക്കയോ ചെയ്യുവാൻ മാർഗം തുറന്നിട്ടില്ല. രാജ്യഭരണ കർമ്മത്തിൽ, ഈ നാട്ടുരാജാക്കന്മാരെ ഒരു ആലോചന സഭയായി ചേർത്ത്, അവരുടെ അഭിപ്രായങ്ങൾ അറിയുന്നത് ആവശ്യമെന്ന് മിസ്റ്റർ മാർളിക്ക് തോന്നിയതും, അതിലേക്കായി, ഈയിടെ തന്നെ ഇന്ത്യയിലെ നാട്ടുരാജാക്കന്മാരെ കണ്ടു പരിചയപ്പെട്ട വെൽത്സ് രാജകുമാരൻ അവർകളോട് ആലോചിക്കുന്നതും അഭിനന്ദനീയം തന്നെയാകുന്നു.  

You May Also Like